കളമശേരി: വിദ്യാർത്ഥികൾക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരിയിലെ ഒരു സ്വകാര്യ സ്കൂൾ താത്ക്കാലികമായി അടച്ചു. നിലവിൽ അഞ്ച് കുട്ടികൾ ചികിത്സയിലാണ്, അതിൽ രണ്ട് പേർ ഐസിയുവിൽ നിരീക്ഷണത്തിലുമുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് സ്കൂളിലെ ജലവിതരണ പൈപ്പുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളിൽ പരിശോധന നടത്തും.
കുട്ടികൾക്ക് ശക്തമായ പനി, തലവേദന, വയറുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ മസ്തിഷ്‌കജ്വരമാണെന്ന് സ്ഥിരീകരിച്ചു. ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് വിദ്യാർത്ഥികളിലാണ് രോഗം കണ്ടത്. പകർച്ചവ്യാധിയായതിനാൽ രക്ഷിതാക്കളിൽ ആശങ്ക വ്യാപിച്ചതോടെയാണ് അധികൃതർ സ്കൂൾ അടയ്ക്കാൻ തീരുമാനിച്ചത്. ഞായറാഴ്ച വരെ സ്കൂൾ അടച്ചിടുമെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, കുട്ടികളുടെ പരീക്ഷകളും മാറ്റിവച്ചു.
മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങൾ:
- ശക്തമായ കഴുത്ത് വേദന
- ഭക്ഷണം വിഴുങ്ങുന്നതിൽ ബുദ്ധിമുട്ട്
- ശക്തമായ തലവേദന
- ക്ഷീണം, ഛർദി
- പെട്ടെന്നുള്ള ഓർമ്മശക്തി കുറവ്
രോഗം സ്ഥിരീകരിക്കാൻ രക്തപരിശോധന, സിടി സ്‌കാൻ, എംആർഐ സ്കാൻ എന്നിവ ഉപയോഗിക്കുന്നു. സ്കൂളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി പരിശോധനകൾ നടത്തുകയാണ്.