ഇടുക്കി: സംസ്ഥാന ബജറ്റിൽ അനുവദിച്ച നത്തുക്കല്ല്-കല്ലാറുകുട്ടി റോഡിന്റെ നിർമാണം ആരംഭിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനകീയ കൂട്ടായ്മ. മൂവായിരത്തോളം പ്രദേശവാസികളാണ് മൂന്ന് കിലോമീറ്റർ ദൂരം പിറകോട്ട് നടന്ന് പ്രതിഷേധം നടത്തിയത്. 60 വർഷം പഴക്കമുള്ള ഈ റോഡ് കുടിയേറ്റ കാലത്തിന്റെ സ്മാരകമാണെന്നും, ചുറ്റുമുള്ള പ്രദേശങ്ങൾ വികസനം കൈവരിക്കുമ്പോഴും മേഖലയ്ക്ക് പിന്നോക്കം പോകേണ്ടിവരുന്നത് സർക്കാർ അനാസ്ഥയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
2017ലെ സംസ്ഥാന ബജറ്റിൽ 85.65 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ആറ് വർഷം പിന്നിട്ടിട്ടും റോഡ് നിർമ്മാണം ആരംഭിച്ചിട്ടില്ല. പ്രാഥമിക നടപടികൾ പൂർത്തിയാക്കുന്നതിനും ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. വെട്ടിക്കാമറ്റം മുതൽ മേലേചിന്നാർ വരെ റോഡിന്റെ അവസ്ഥ അതീവ അപകടകരമാണെന്നും, കുറഞ്ഞ വീതിയും അഗാധ കുഴികളും വലിയ അപകടങ്ങളുണ്ടാക്കുന്നതായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ജനകീയ കൂട്ടായ്മ തീരുമാനമെടുത്തതിന്റെ ഭാഗമായാണ് ഈ പിന്നോട്ട് നടന്ന പ്രതിഷേധം. പ്രതിഷേധത്തിന് ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പിൽ, സജി പേഴത്തുവയലിൽ, ഫാ. ലിബിൻ മനക്കലേടത്ത്, രാഹുൽ കിളികൊത്തിപ്പാറ എന്നിവരാണ് നേതൃത്വം നൽകിയത്.
പ്രദേശവാസികൾ സമര പരിപാടികൾ തുടരുമെന്നും നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് അധികാരികൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകുമെന്നും കൂട്ടായ്മ അറിയിച്ചു.