കൃസ്മസ്, പുതുവത്സരം പ്രമാണിച്ച് ജില്ലയിലേക്ക് സന്ദര്ശകരുടെ ഒഴുക്ക്. ക്രിസ്മസ് അവധി ദിനങ്ങള് ആഘോഷിക്കാന് ഒരാഴ്ച്ചയ്ക്കിടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 1,49,423 പേരാണ് എത്തിയത്.
ക്രിസ്മസ് ദിനത്തിലും തുടര്ന്നുള്ള രണ്ടു ദിവസങ്ങളിലും വലിയ തോതിലുള്ള തിരക്കാണ് വിനോദ സഞ്ചാരകേന്ദ്രങ്ങളില് അനുഭവപ്പെട്ടത്. ക്രിസ്മസ് ദിനമായ വ്യാഴാഴ്ച 30,150 സഞ്ചാരികളാണ് ഡിടിപിസിയുടെ ടൂറിസം കേന്ദ്രങ്ങളില് സന്ദര്ശനം നടത്തിയത്.
വെള്ളിയാഴ്ച 29,485 പേരും ശനിയാഴ്ച 32,007 പേരും സന്ദര്ശനം നടത്തി. ക്രിസ്മസ് തലേന്ന് 15,419 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില് അവധി ആഘോഷിക്കാനെത്തിയിരുന്നു.
വാഗമണ് മൊട്ടക്കുന്നിലും അഡ്വഞ്ചര് പാര്ക്കിലുമാണ് കൂടുതല് പേര് എത്തിയത്. ക്രിസ്മസ് ദിനത്തില് മൊട്ടക്കുന്നില് 7,693 പേരും അഡ്വഞ്ചര് പാര്ക്കില് 6,470 പേരും സന്ദര്ശനം നടത്തി. പിറ്റേന്ന് മൊട്ടക്കുന്നില് 8,644 പേരും അഡ്വഞ്ചര് പാര്ക്കില് 6,965 പേരും സന്ദര്ശനം നടത്തി.
രാമക്കല്മേട്, പാഞ്ചാലിമേട്, മൂന്നാര് ബൊട്ടാണിക്കല് ഗാര്ഡന് എന്നിവിടങ്ങളിലും കൂടുതല് സഞ്ചാരികള് എത്തി. രാമക്കല്മേട്ടില് ക്രിസ്മസ് ദിനത്തില് 3,815 പേരും പിറ്റേന്ന് 2,781 പേരും സന്ദര്ശനം നടത്തി.
പാഞ്ചാലിമേട്ടില് 2552, 2251 എന്നിങ്ങനെയും മൂന്നാര് ബൊട്ടാണിക്കല് ഗാര്ഡനില് 4211, 3874 എന്ന ക്രമത്തിലുമാണ് രണ്ടു ദിവസമെത്തിയ സഞ്ചാരികളുടെ എണ്ണം. ഇതിനു പുറമെ മാട്ടുപ്പെട്ടി, അരുവിക്കുഴി, ശ്രീനാരായണപുരം, ഹില്വ്യു പാര്ക്ക്, ആമപ്പാറ എന്നിവിടങ്ങളിലും തിരക്കനുഭവപ്പെട്ടു.
വനംവകുപ്പിന്റെ അധീനതയിലുള്ള തേക്കടി ഉള്പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികള് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായെത്തി. ക്രിസ്മസ് ആഘോഷങ്ങള്ക്കായി ടൂറിസം കേന്ദ്രങ്ങള് വൈദ്യുതദീപങ്ങളാല് വര്ണാഭമാക്കിയിരുന്നു.
കാലാവസ്ഥയും അനൂകുലമായിരുന്നതിനാല് കുടുംബസമേതമാണ് കൂടുതല് പേരും എത്തിയത്. ഇനി പുതുവത്സരത്തോടനുബന്ധിച്ചും വാഗമണ്, മൂന്നാര്, കാല്വരിമൗണ്ട്, പരുന്തുംപാറ ഉള്പ്പെടെയുള്ള കേന്ദ്രങ്ങളില് വന് തിരക്കനുഭവപ്പെടും.
വാഗമണ്, മൂന്നാര് എന്നിവിടങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് സന്ദര്ശകരും നൂറുകണക്കിന് വാഹനങ്ങളുമാണ് എത്തുന്നത്. അതിനാല് ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്.
പുതുവത്സരാഘോഷത്തിനായി ഹോട്ടലുകളിലും റിസോര്ട്ടുകളിലും വലിയ ബുക്കിംഗും ലഭിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്ക്കും ചാകരക്കാലമാണ് ക്രിസ്മസ്-പുതുവത്സര ദിനങ്ങള്.
പുതുവത്സരാഘോഷങ്ങള് അതിരുവിടാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും അധികൃതര് സ്വീകരിച്ചിട്ടുണ്ട്. ലഹരിപാര്ട്ടികള്ക്കെതിരേയും അധികൃതര് ജാഗ്രത പുലര്ത്തുന്നുണ്ട്.
