കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് നിർണായകമായി കണക്കാക്കപ്പെടുന്ന ജലത്തിനടിയിലെ ആർ.ഒ.വി (റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ) പരിശോധന ഞായറാഴ്ച സമാപിച്ചു. ഈ മാസം 23ന് ആരംഭിച്ച പരിശോധന ഡൽഹിയിലെ സെൻട്രൽ സോയിൽ മെറ്റീരിയൽ റിസർച്ച് സ്റ്റേഷൻ (സി.എസ്.എം.ആർ.എസ്) വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു. പരിശോധനയിൽ അണക്കെട്ടിനെക്കുറിച്ച് പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിച്ചതായാണ് സൂചന.
സി.എസ്.എം.ആർ.എസിലെ വിദഗ്ധരായ പി. സെന്തിൽ, വിജയ്, ഡോ. ജാലേ ലിങ്ക സ്വാമി, ദീപക് കുമാർ ശർമ എന്നിവർ നേതൃത്വം നൽകിയ സംഘമാണ് പരിശോധന നടത്തിയത്. 1200 അടി നീളമുള്ള അണക്കെട്ടിനെ ആദ്യം 100 അടി വീതമുള്ള 12 ഭാഗങ്ങളായി വിഭജിച്ചായിരുന്നു പരിശോധന. തുടർന്ന് 50 അടി വീതമുള്ള ഭാഗങ്ങളായും, അവസാനം അണക്കെട്ടിന്റെ മധ്യഭാഗത്ത് 10 അടി വീതമുള്ള സെക്ഷനുകളായും തിരിച്ച് ആർ.ഒ.വി ഉപയോഗിച്ച് ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിച്ചു. പരിശോധന സമയത്ത് അണക്കെട്ടിലെ ജലനിരപ്പ് 132.45 അടിയായിരുന്നു.
അണക്കെട്ട് സന്ദർശനത്തിന് പിന്നാലെ നവംബർ 10ന് മധുരയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് ജലത്തിനടിയിലെ പരിശോധന നടത്താൻ തീരുമാനം കൈക്കൊണ്ടത്. ആറുദിവസം നീണ്ട പരിശോധനയുടെ വിവിധ ഘട്ടങ്ങൾ വിലയിരുത്തുന്നതിനായി കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ള സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
പരിശോധനയിൽ ശേഖരിച്ച വിവരങ്ങൾ സി.എസ്.എം.ആർ.എസിലെ വിദഗ്ധർ വിശദമായി വിലയിരുത്തിയ ശേഷം ഏഴംഗ ഉന്നതാധികാര സമിതിക്ക് റിപ്പോർട്ടായി സമർപ്പിക്കും. ഈ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചതിന് ശേഷമേ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പുറത്തുവരൂവെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.
