ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ കളിക്കാനിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം കറുത്ത ആം ബാൻഡ് ധരിച്ച് അണിനിരന്നു. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മുംബൈ ക്രിക്കറ്റ് താരം പദ്മാകർ ശിവാൽക്കാരിന് (84) ആദരസൂചകമായിരുന്നു ഇന്ത്യൻ ടീമിന്റെ ആദരവ്.
ഇടംകൈ സ്പിന്നർ ആയിരുന്ന ശിവാൽക്കാർ 1965-66 മുതൽ 1976-77 വരെയുള്ള കാലത്ത് മുംബൈയെ തുടർച്ചയായ വർഷങ്ങളിൽ രഞ്ജി ട്രോഫി ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരം ആയിരുന്നു. രണ്ട് ദശകത്തോളം മുംബൈ ക്രിക്കറ്റിനെ മുന്നിൽ നിന്ന് നയിച്ച അദ്ദേഹത്തിന്റെ നിര്യാണത്തിൽ ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയും സെക്രട്ടറി ദേവ്ജിത് സൈക്കിയയും ആദരാഞ്ജലികൾ അർപ്പിച്ചു.
ശിവാൽക്കാർ മുംബൈയ്ക്കായി 19.68 ശരാശരിയിൽ 589 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. 1972-73 ലെ രഞ്ജി ട്രോഫി ഫൈനലിൽ തമിഴ്നാടിനെതിരെ ആദ്യ ഇന്നിംഗ്സിൽ 16 റൺസിന് എട്ട് വിക്കറ്റും, രണ്ടാം ഇന്നിംഗ്സിൽ 18 റൺസിന് അഞ്ച് വിക്കറ്റും വീഴ്ത്തിയതുള്‍പ്പെടെ, അനവധി തിളക്കമാർന്ന പ്രകടനങ്ങളാണ് ശിവാൽക്കാർ രാജ്യാന്തര തലത്തിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്നിട്ടും ആഭ്യന്തര ക്രിക്കറ്റിൽ കാണിച്ചിട്ടുള്ളത്. ഇന്ത്യൻ ക്രിക്കറ്റിൽ ബിഷൻ സിങ് ബേദിയുടെ കാലത്തായിരുന്നു ശിവാൽക്കാറിന്റെ കരിയർ ഉയർന്നു നിന്നത്. 2017ൽ, ബിസിസിഐ അദ്ദേഹത്തിന് സമഗ്ര സംഭാവനയ്ക്കുള്ള കേണൽ സി കെ നായിഡു പുരസ്കാരം നൽകി ആദരിച്ചിരുന്നു.
ഓസ്ട്രേലിയ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു
ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ ടോസ് നേടിയ ശേഷം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർച്ചയായ പതിനൊന്നാം തവണയാണ് ഏകദിന മത്സരങ്ങളിൽ ഇന്ത്യ ടോസ് നഷ്ടപ്പെടുത്തുന്നത്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ഇന്ത്യ ഏകദിന മത്സരങ്ങളിൽ ഇതുവരെ ടോസ് ജയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.