മാങ്കുളം ∙ ആനക്കുളത്തിനുസമീപം വല്യപാറക്കുട്ടിയിൽ പുഴയോരത്ത് ഏറുമാടത്തിൽ താമസിച്ച സഹോദരങ്ങളായ കുട്ടികളെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം, കുട്ടികളെ താൽക്കാലികമായി ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ആദിവാസി വിഭാഗത്തിൽപെട്ട ഈ കുട്ടികളെ ആരോഗ്യവകുപ്പിന്റെ ഫീൽഡ് സന്ദർശനത്തിനിടെ കണ്ടെത്തുകയായിരുന്നു. മാങ്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദൻ, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരസമിതി ചെയർമാൻ മനോജ് കുര്യൻ, ഗ്രാമപ്പഞ്ചായത്തംഗം സവിത റോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കുട്ടികളെ മാങ്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി.
തുടർന്ന്, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ജോമറ്റ് ജോർജിന്റെ നേതൃത്വത്തിൽ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹൽമാസ് ഹമീദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ടി. പ്രിയാവതി എന്നിവരടങ്ങിയ സംഘം കുട്ടികളെ ചെങ്കുളത്തു പ്രവർത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
സുരക്ഷിതത്വക്കുറവും വിദ്യാഭ്യാസത്തുടർച്ചയും പ്രശ്നമായി
അടിമാലി ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ കുറത്തിക്കുടി സ്വദേശികളായ കുട്ടികൾ ഏകദേശം ഒന്നര മാസം മുമ്പാണ് പിതാവിനൊപ്പം വല്യപാറക്കുട്ടിയിൽ എത്തിയതെന്ന് അധികൃതർ അറിയിച്ചു. കാട്ടാനകളുടെ സാന്നിധ്യമുള്ള ഈ പ്രദേശത്ത്, പകൽ സമയത്ത് കുട്ടികൾ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഇതിനൊപ്പം, കുട്ടികളുടെ വിദ്യാഭ്യാസവും മാസങ്ങളായി മുടങ്ങിയിരുന്നു.
ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് കുട്ടികളെ ഏറ്റെടുത്തതോടെ, അവരുടെ തുടർസംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫിസർ വി. ഐ. നിഷ അറിയിച്ചു.