ചോക്ലേറ്റ് കമ്പനികൾ കൊക്കോ ശേഖരണം കുറച്ചതോടെ, ഉണങ്ങിയ കൊക്കോയുടെ വിലയിൽ വൻ ഇടിവ് അനുഭവപ്പെട്ടു. 660 രൂപയിലുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ ഇപ്പോൾ 580-590 രൂപയ്ക്കാണ് വ്യാപാരികൾ ശേഖരിക്കുന്നത്. അതേസമയം, 130 രൂപയിലുണ്ടായിരുന്ന പച്ച കൊക്കോയുടെ വില 100-110 രൂപയായി കുറഞ്ഞു. ഉത്പാദനം കുറഞ്ഞിട്ടും ഇടനിലക്കാരുടെയും ചോക്ലേറ്റ് കമ്പനികളുടെയും ഇടപെടലുകൾ മൂലമാണ് വില കുറയുന്നതെന്ന് കർഷകർ ആരോപിക്കുന്നു.
2024 മേയ് മാസത്തിൽ കൊക്കോ വില റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. അന്നത് 1000-1100 രൂപ വരെ ഉയർന്നിരുന്നുവെങ്കിൽ, പച്ച കൊക്കോയ്ക്ക് 270 രൂപവരെ വില ലഭിച്ചിരുന്നു. എന്നാല്‍, ഈ വർഷം ഉത്പാദനവും ഇറക്കുമതിയും കുറഞ്ഞ സാഹചര്യത്തിലും വിലയിൽ പ്രതീക്ഷിച്ച രീതിയിലുള്ള വർദ്ധനവ് ഉണ്ടാകാതെ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
ഹൈറേഞ്ച് മേഖലകളായ കട്ടപ്പന, അണക്കര, വണ്ടിപ്പെരിയാർ, അടിമാലി, കുമളി എന്നിവിടങ്ങളിലെ പ്രധാന കമ്പോളങ്ങളിലാണ് കൊക്കോ വ്യാപാരം സജീവമായിരിക്കുന്നത്. മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലഘട്ടം ഹൈറേഞ്ചിൽ കൊക്കോ ശേഖരണത്തിനായി പ്രധാനവേളയാണ്. ഇവിടങ്ങളിലെ വ്യാപാരികളിൽ നിന്ന് പാൽ ഉൽപന്നങ്ങളും ചോക്ലേറ്റും നിർമ്മിക്കുന്ന സഹകരണ സംഘങ്ങളും സ്വകാര്യ കമ്പനികളും കൊക്കോ ശേഖരിച്ച് ഗുജറാത്ത്, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ ഫാക്ടറികളിലേക്ക് അയക്കുന്നു.
