കോട്ടയം ∙ ഈരാറ്റുപേട്ട പനയ്ക്കപാലത്തെ വാടകവസതിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലാണ് വിഷ്ണുവിനെയും ഭാര്യ രശ്മിയെയും കെട്ടിപ്പിടിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടത്. ഇരുവരുടെയും കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിലാണ് പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൃതദേഹങ്ങൾക്കരികിൽ സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യയാകാനാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല. ദമ്പതികൾക്ക് സാമ്പത്തിക വിഷമതയുണ്ടായിരുന്നെന്നാണ് സൂചന.
രശ്മി ഈരാറ്റുപേട്ടയിലെ സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു. ഭർത്താവ് വിഷ്ണു കരാർ പണികൾക്കാണ് നേതൃത്വം നൽകിവന്നിരുന്നത്. ഇവർ ആറുമാസമായി ഇവിടെയുള്ള വാടകവസതിയിൽ താമസിച്ചു വരികയായിരുന്നു.
ഇന്നലെ രാവിലെ വിഷ്ണുവിന്റെ മാതാവ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് ദുരൂഹത മനസ്സിലായത്. വീടിന്റെ മുകളിലത്തെ മുറി അകത്ത് നിന്നായിരുന്നു പൂട്ടിയിരുന്നത്. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യയിലേക്കുള്ള ചിന്തകൾ ഉണ്ടായാൽ സഹായം തേടുക. മനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാണ്. ആത്മഹത്യ തടയാൻ സഹായിക്കുന്ന ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056. നിങ്ങൾക്ക് അതിജീവിക്കാം, സഹായം തേടുക.