ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; വൈദ്യുതി ഉത്പാദനം പരമാവധിയിലേക്ക്

ചെറുതോണി: ഇടുക്കി അണക്കെട്ടിൽ നീരൊഴുക്ക് ശക്തമായതോടെ വൈദ്യുതി ഉത്പാദനം പരമാവധിയിലേക്ക് ഉയർത്താനുള്ള നടപടികൾ കെഎസ്ഇബി ആരംഭിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, പ്രതിദിനം 29.28 ദശലക്ഷം ഘനമീറ്റർ ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

അണക്കെട്ട് പെട്ടെന്ന് നിറയുന്നതിനെ തടയാനായി ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതോത്പാദനം ഗണ്യമായി വർദ്ധിപ്പിക്കുകയാണ്.

മൂളമറ്റം ഭൂഗർഭ വൈദ്യുത നിലയത്തിൽ ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് പരമാവധിയില്‍ 18.7 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. നിലവിൽ പ്രതിദിനം 16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. അധികം 2.7 ദശലക്ഷം യൂണിറ്റ് കൂടി ഉത്പാദിപ്പിച്ചാൽ പരമാവധിയിലെത്തും.

നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2344.09 അടി എത്തി. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ അനുസരിച്ച് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ജലനിരപ്പാണിത്. കഴിഞ്ഞ വർഷത്തേക്കാൾ 15.034 അടി കൂടുതലാണ് നിലവിലെ ജലനിരപ്പ്.

Leave a Reply

Your email address will not be published. Required fields are marked *