പരുന്തുംപാറ കൈയേറ്റ ഭൂമിയിൽ അനധികൃത കുരിശ്: സ്റ്റോപ്പ് മെമ്മോ ലംഘനം; കേസ്
പീരുമേട്: ഇടുക്കി ജില്ലാ കലക്ടറുടെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് പരുന്തുംപാറയിലെ കൈയേറ്റഭൂമിയിൽ അനധികൃതമായി കൂറ്റൻ കുരിശ് സ്ഥാപിച്ച സംഭവത്തിൽ കേസെടുത്തു. ഗ്രേസ് കമ്യൂണിറ്റി ഗ്ലോബൽ എന്ന ക്രൈസ്തവ സംഘടനയുടെ നേതാവും ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയുമായ കൊട്ടാരത്തിൽ സജിത് ജോസഫിനെതിരെയാണ് നടപടി. അനധികൃത കുരിശ് റവന്യൂ വകുപ്പ് അധികൃതർ ഇന്നലെ പൊളിച്ചുനീക്കിയിരുന്നു. കൈയേറ്റഭൂമി പരുന്തുംപാറ വ്യൂപോയിന്റിന് സമീപത്താണ്.
സജിത് ജോസഫ് കൈവശം വെച്ച സ്ഥലത്ത് നിർമാണം നടക്കുന്ന കെട്ടിട സമുച്ചയത്തിന് സമീപത്തായിരുന്നു കൂറ്റൻ കുരിശ് സ്ഥാപിച്ചത്. ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടത്തിന് സമീപം തന്നെയാണ് കുരിശ് സ്ഥാപിച്ചത്. 3.31 ഏക്കർ സർക്കാർഭൂമി കൈയേറി സജിത് ജോസഫ് റിസോർട്ട് നിർമിച്ചതായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഈ മാസം 2നാണ് കൈയേറ്റഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ലാ കലക്ടർ പീരുമേട് എൽ.ആർ തഹസിൽദാരെ ചുമതലപ്പെടുത്തിയത്. കൈയേറ്റ ഭൂമിയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ നിർദ്ദേശവും നൽകിയിരുന്നു. സജിത് ജോസഫിന് സ്റ്റോപ്പ് മെമ്മോ കൈമാറിയിരുന്നു. ഈ നിർദ്ദേശം അവഗണിച്ചാണ് കുരിശ് സ്ഥാപിച്ചത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് അറിയാമായിരുന്നിട്ടും ഉദ്യോഗസ്ഥർ നീക്കം ചെയ്യാൻ വൈകിയതായും റിപ്പോർട്ടുണ്ട്. മറ്റൊരു സ്ഥലത്തുവെച്ച് നിർമ്മിച്ച കുരിശ് ഇവിടെ സ്ഥാപിച്ചതായാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം, കൈയേറ്റം കണ്ടെത്തുന്നതിനായി സർവേ വകുപ്പ് ഇന്ന് മഞ്ഞുമല, പീരുമേട് വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടത്തും.