വെള്ളത്തൂവൽ: കല്ലാർകുട്ടി അണക്കെട്ടിന് സമീപം 10 ചെയിൻ പ്രദേശത്ത് താമസിക്കുന്ന കർഷകരുടെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പട്ടയാവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ഉപരോധ സമരം നടക്കും. രാവിലെ 10 മണി മുതൽ കല്ലാർകുട്ടി ഡാമിൽ ഉപരോധം ആരംഭിക്കുമെന്ന് സമര നേതാക്കൾ അറിയിച്ചു.
ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ പഞ്ചായത്തും ഇടുക്കി താലൂക്കിലെ കൊന്നത്തടി പഞ്ചായത്തും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ കർഷകരാണ് പട്ടയത്തിനായുള്ള കാത്തിരിപ്പ് തുടരുന്നത്.
**പ്രതീക്ഷകളിൽ നിന്ന് നിരാശയിലേക്ക്**
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കല്ലാർകുട്ടി 10 ചെയിൻ മേഖലയിൽ കർഷകരക്ക് പട്ടയം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനത്തിന് ശേഷം നടപടികൾ മുന്നോട്ടുപോയിട്ടില്ല.
ഈ അനാസ്ഥയാണ് കർഷകരെ സമരത്തിന്റെ പാതയിലേക്ക് നയിച്ചത്. പട്ടയാവകാശ സമിതി നേതൃത്വം നൽകുന്ന ഈ ഉപരോധ സമരത്തിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശക്തമായ നടപടി ഉണ്ടാകുമെന്ന് കർഷകർ പ്രതീക്ഷിക്കുന്നു.