കൊല്ലം: കൊല്ലത്ത് എസ്.എൻ. കോളേജിന് സമീപം ശാരദാമഠം സിഎസ്ഐ ഇംഗ്ലീഷ് പള്ളി സെമിത്തേരിയോട് ചേർന്ന പറമ്പിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാവിലെ 8.30ഓടെ പള്ളിയിലെ ജീവനക്കാർ കുടിവെള്ള പൈപ്പ് ലൈൻ പരിശോധനയ്ക്കിടെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കിടന്ന ഒരു സ്യൂട്ട് കേസ് കണ്ടെടുത്തു. സംശയം തോന്നി ജീവനക്കാർ അതു തുറന്നതോടെ അകത്ത് അസ്ഥികൂടം കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തുകയും ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഫൊറൻസിക് പരിശോധനയിലൂടെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്ന് കമ്മീഷണർ അറിയിച്ചു.
പൊലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച്, അസ്ഥികൂടം രണ്ടുവർഷത്തിലേറെ പഴക്കമുള്ളതായിരിക്കാം. അതേസമയം, റോഡിൽ നിന്ന് സെമിത്തേരിയിലേക്ക് വലിച്ചെറിഞ്ഞതായിരിക്കാമെന്നും പോലീസ് കരുതുന്നു. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം.
നാട്ടിലെ കാണാതായവരെക്കുറിച്ചുള്ള അന്വേഷണം പോലിസ് ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു.