തിരുവനന്തപുരം ∙ കേരളത്തിൽ വൈദ്യുതി നിരക്കിൽ വലിയ മാറ്റമെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ടൈംസ് ഓഫ് ദ ഡേ (TOD) ബില്ലിംഗ് സംബന്ധിച്ച സന്ദേശങ്ങൾ തെറ്റാണെന്ന് വ്യക്തമായി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ (കെഎസ്ഇബി) ടൈംസ് ഓഫ് ദ ഡേ സംവിധാനം പുതിയതല്ല, അതും എല്ലാ ഉപഭോക്താക്കൾക്കും ബാധകമല്ല.
പ്രചരിക്കുന്ന തെറ്റായ സന്ദേശം:
പകൽ 6 മുതൽ വൈകുന്നേരം 6 വരെ 25% കുറവ്,
വൈകുന്നേരം 6 മുതൽ രാത്രി 10 വരെ മൂന്ന് ഇരട്ടിയായ വർദ്ധനവ്,
രാത്രി 10 മുതൽ രാവിലെ 6 വരെ സാധാരണ നിരക്ക് –
എന്നിങ്ങനെയാണ് തെറ്റായ സന്ദേശം പ്രചരിക്കുന്നത്.
വാസ്തവം എന്താണ്?
TOD ബില്ലിംഗ് നിലവിൽ പറ്റുന്നത് പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും വാണിജ്യ ഉപഭോക്താക്കൾക്കും മാത്രമാണ്. നേരത്തെ ഇത് 500 യൂണിറ്റിലധികം ഉപയോഗിക്കുന്നവർക്കായിരുന്നു ബാധകമായിരുന്നത്. 2025 ജനുവരിയിലാണ് 250 യൂണിറ്റ് മീതെയുള്ള ഉപഭോക്താക്കളെയും ഉൾപ്പെടുത്തിയത്.
ടൈം സ്ലോട്ടുകളും നിരക്കുകളും:
-
രാവിലെ 6 മുതൽ വൈകിട്ട് 6 വരെ (Normal Hours)
👉 സാധാരണ നിരക്കിനേക്കാൾ 10% കുറവ് -
വൈകിട്ട് 6 മുതൽ രാത്രി 10 വരെ (Peak Hours)
👉 സാധാരണ നിരക്കിനേക്കാൾ 25% അധികം -
രാത്രി 10 മുതൽ രാവിലെ 6 വരെ (Off-Peak Hours)
👉 സാധാരണ നിരക്ക്
കെഎസ്ഇബിയുടെ നിർദേശങ്ങൾ:
“അൽപ്പം ജാഗ്രത – അധിക ലാഭം” എന്ന സന്ദേശത്തോടെ, പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി, വൈദ്യുത വാഹന ചാർജിംഗ് തുടങ്ങിയ ഉപകരണങ്ങൾ പകൽ സമയം ഉപയോഗിക്കുക എന്നും, പീക്ക് മണിക്കൂറുകളിൽ ഒഴിവാക്കുക എന്നുമാണ് കെഎസ്ഇബിയുടെ ഔദ്യോഗിക നിർദേശം.
നിഗമനം:
TOD സംവിധാനം മുൻപ് നിലവിലുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ 250 യൂണിറ്റിൽ മുകളിലുള്ള ഉപഭോക്താക്കളെയും ഉൾപ്പെടുത്തിയതേയുള്ളൂ. “എല്ലാവർക്കും ബാധകമാണ്” എന്ന പ്രചാരണം തെറ്റാണ്. അതുപോലെ, വൈദ്യുതി നിരക്കുകൾ കുറവായതിനോ മൂന്നു ഇരട്ടിയായി വർദ്ധിച്ചതിനോ തെളിവില്ല.