തീരുമാനങ്ങൾ പാളി: കുമളി ടൗണിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി.

മണ്ഡലകാലവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഫലപ്രദമായി നടപ്പാക്കാത്തതിനെ തുടർന്ന് കുമളി ടൗണിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. തീർത്ഥാടകരുടെ വാഹന പാർക്കിംഗ് നിയന്ത്രണം സീസൺ കച്ചവടക്കാർ കൈക്കലാക്കിയതോടെയാണ് ദേശീയപാത 183-ൽ വലിയ ഗതാഗത തടസം രൂപപ്പെട്ടത്.

 

ചെളിമട മുതൽ തമിഴ്നാട് അതിർത്തിവരെ രണ്ടര കിലോമീറ്ററോളം ദൂരത്തിൽ രാവും പകലുമില്ലാതെ വാഹനങ്ങൾ നീണ്ടനിരയായി കുടുങ്ങുകയാണ്. കൊട്ടാരക്കര–ദിണ്ടിഗൽ ദേശീയപാതയിലൂടെയുള്ള യാത്ര അതീവ ദുഷ്കരമായ സാഹചര്യത്തിലാണ്. കാൽനട യാത്രക്കാർക്കുപോലും മുന്നേറാൻ കഴിയാത്ത അവസ്ഥയാണ് പ്രദേശത്ത്.

 

മണ്ഡലകാലം ലക്ഷ്യമാക്കി ചെളിമട മുതൽ കുമളി ടൗൺ വരെ പ്രവർത്തിക്കുന്ന 500-ലധികം ചിപ്സ്, ഹലുവ കടകളുടെ മുന്നിൽ തീർത്ഥാടകരുടെ വാഹനങ്ങൾ നിർത്തിക്കുന്നതിൽ മത്സരം നടക്കുകയാണ്. ഓരോ കടയ്ക്കുമുന്നിലും തൊഴിലാളികൾ റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞുനിർത്തുന്നതോടെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുന്നു. ഇത്തരം നിയമലംഘനങ്ങൾ അനുവദിക്കില്ലെന്ന നിർദേശങ്ങൾ ഉണ്ടായിട്ടും പോലീസ് നടപടി ശക്തമല്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

 

തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വാഹനങ്ങളാണ് കുമളി വഴി കടന്നുപോകുന്നത്. സീസൺ കച്ചവടക്കാർക്ക് വഴങ്ങുന്ന ചിലരുടെ ഇടപെടലുകൾ ഒരു ടൗണിനെ മുഴുവൻ ഗതാഗത സ്തംഭനത്തിലേക്ക് തള്ളിവിടുന്നുവെന്ന പരാതിയും ശക്തമാണ്.

 

ഹോളിഡേ ഹോം ജംഗ്ഷൻ മുതൽ തേക്കടി കവല വരെയുള്ള ഭാഗങ്ങളിലാണ് കൂടുതൽ തടസ്സങ്ങൾ. കല്ലറക്കൽ ഗ്രൗണ്ട്, സിസ ഗ്രൗണ്ട്, പഞ്ചായത്ത് ഓഫിസിനടുത്തുള്ള ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിംഗ് ഒരുക്കിയാൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്നാണ് നിർദേശം. എന്നാൽ നടപ്പാതകൾ പോലും സീസൺ കച്ചവടക്കാർ കൈയേറിയതോടെ കാൽനട യാത്ര ദുഷ്കരമായി. ആംബുലൻസുകൾ വരെ 10 മുതൽ 30 മിനിറ്റ് വരെ ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നത് പതിവായിട്ടുണ്ട്.

 

ഗതാഗത നിയന്ത്രണത്തിൽ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ മണ്ഡല–മകരവിളക്ക് കാലയളവ് പോലീസ് സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നത്

Leave a Reply

Your email address will not be published. Required fields are marked *