മൂന്നാർ: രാജ്യത്തിന്റെ പലഭാഗങ്ങളും കനത്ത ചൂടിലായിരിക്കുമ്പോഴും മൂന്നാറിൽ അതിശൈത്യം തുടരുന്നു. തിങ്കളാഴ്ച രാവിലെ മൂന്നാറിനു സമീപമുള്ള ചെണ്ടുവരയിൽ താപനില 2 ഡിഗ്രി സെൽഷ്യസായി കുറിഞ്ഞു. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ 3 ഡിഗ്രിയും ദേവികുളം, ലക്ഷ്മി, സെവൻമല മേഖലകളിൽ 4 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത. സൈലന്റ് വാലിയിൽ താപനില 5 ഡിഗ്രിയായി.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി മൂന്നാറിൽ രാത്രിയും പുലർച്ചയും ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. ഫെബ്രുവരി ആദ്യവാരം മൂന്നാറിൽ താപനില മൈനസ് 3 ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു. വർഷങ്ങൾക്കു ശേഷമാണ് മാർച്ച് പകുതിയാകുമ്പോഴും മൂന്നാറിൽ ഇത്തരത്തിലുള്ള തണുപ്പ് നിലനിൽക്കുന്നത്.
രാത്രിയിലും പുലർച്ചയിലും കടുത്ത തണുപ്പ് അനുഭവപ്പെടുന്നുവെങ്കിലും പകൽ നേരിയ ചൂടാണ്. പകൽ താപനില ശരാശരി 20 – 23 ഡിഗ്രി സെൽഷ്യസായി നിലകൊള്ളുന്നു.