ഇടുക്കി: മൂന്നാറിലെ ദേവികുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ ആറ് കുട്ടികൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ നടന്ന സംഭവത്തിൽ എട്ടാം ക്ലാസും പ്ലസ് ടുവും പഠിക്കുന്ന വിദ്യാർത്ഥികളാണ് പരിക്കേറ്റത്.
തുടർന്ന് പരുക്കേറ്റ കുട്ടികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മുതൽ തന്നെ പ്രദേശത്ത് നായയുടെ ആക്രമണം നടക്കുന്നതായി നാട്ടുകാർ അറിയിച്ചു.
ദേവികുളത്ത് തെരുവുനായ ശല്യം കുറേ നാളുകളായി രൂക്ഷമായി തുടരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. രണ്ടാഴ്ച്ച മുൻപും വിനോദ സഞ്ചാരികൾക്ക് നേരെ നായയുടെ ആക്രമണമുണ്ടായിരുന്നുവെന്നും, പലതവണ പരാതിയിട്ടിട്ടും അധികൃതർ നടപടി കൈക്കൊള്ളുന്നില്ലെന്ന ശക്തമായ ആക്ഷേപവുമുണ്ട്.
പ്രാദേശിക സ്ഥാപനങ്ങൾക്കും പ്രദേശവാസികൾക്കും ആശങ്കയുണ്ടാകുന്ന തരത്തിലുള്ള ഈ ആക്രമണങ്ങൾക്കെതിരെ ഉടൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികാരികളോട് ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.