താമരശ്ശേരി: താമരശ്ശേരി കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്മെന്റിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ ഹസ്ന (34) ആണ് മരിച്ചത്. മക്കളെ കാണാനാകാത്തതിലുള്ള കടുത്ത മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന.
വിവാഹമോചിതയായ ഹസ്ന കഴിഞ്ഞ എട്ട് മാസങ്ങളായി പുതുപ്പാടി ചോയിയോട് വേനകാവ് കൈതപ്പൊയിലിൽ അദിൽ (29) എന്ന യുവാവിനൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇരുവരും വിവാഹിതരായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആദ്യ വിവാഹത്തിൽ ഹസ്നയ്ക്ക് മൂന്ന് മക്കളുണ്ടായിരുന്നു. ഇതിൽ 13 വയസുള്ള മൂത്ത മകൻ മാത്രമാണ് നിലവിൽ ഹസ്നയോടൊപ്പം താമസിച്ചിരുന്നത്. മറ്റ് രണ്ട് മക്കളെ മുൻ ഭർത്താവ് കാണാൻ അനുവദിക്കാത്തത് ഹസ്നയെ മാനസികമായി തളർത്തിയിരുന്നതായും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പതിവ് സമയമായിട്ടും മുറി തുറക്കാതിരുന്നതിനെ തുടർന്ന് സമീപമുറിയിൽ താമസിച്ചിരുന്ന അദിൽ ഫ്ലാറ്റ് ഉടമയെ വിവരമറിയിച്ചു. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ ഹസ്നയെ കണ്ടെത്തിയത്.
ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
