തൊടുപുഴയിൽ അനിയന്ത്രിതമായ കരിങ്കൽ കടത്തലിനെതിരെ പൊലീസ് കർശന നടപടിയിലേക്ക്. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നിർദേശപ്രകാരം വ്യാഴാഴ്ച പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിൽ 14 ലോറികൾ പിടിയിലായി.
ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 12 ടോറസ് ലോറികൾ, ഒരു ടിപ്പർ ലോറി, ഒരു മിനി ടിപ്പർ ലോറി എന്നിവയാണ് പിടികൂടിയത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പാസും ജിഎസ്ടി ബില്ലുമില്ലാതെ അനധികൃതമായി കരിങ്കൽ കടത്തിയതിനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ അമിതമായ ലോഡ്കയറ്റം നടത്തിയ വാഹനങ്ങളും പിടിയിലായവയിൽ ഉൾപ്പെടുന്നു.
കരിങ്കലും മണലും റോഡിലേക്ക് വീഴുന്നതായി നേരത്തെ നിരവധി പരാതികൾ ലഭിച്ചിരുന്നു. അതീവേഗത്തിൽ നിരവധി ട്രിപ്പുകൾ പൂർത്തിയാക്കാനായി നിയമലംഘനം പതിവാകുകയായിരുന്നു. ഇതിനെതിരെയാണ് പൊലീസ് ശക്തമായ നടപടി സ്വീകരിച്ചത്.
തൊടുപുഴ സബ് ഡിവിഷനിലെ പ്രത്യേക സംഘം വിവിധ പ്രധാന റോഡുകളിലും ക്രഷറുകൾക്ക് സമീപവും വ്യാപക പരിശോധന നടത്തി. രാവിലെ ആറിന് ശേഷമേ പാസുകൾ വിതരണം ചെയ്യണമെന്ന നിയമവുമുണ്ട്, എന്നാൽ അതിനുമുൻപ് തന്നെ അനധികൃതമായി വാഹനങ്ങൾ കടത്തുന്നതായി കണ്ടെത്തി.
മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, ജിഎസ്ടി വകുപ്പ്, മോട്ടോർവാഹന വകുപ്പ് എന്നിവയ്ക്കും വിവരം കൈമാറുമെന്നും പിടികൂടിയ വാഹനങ്ങൾക്ക് പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു.
പരിശോധനയ്ക്ക് സി.ഐമാരായ എസ്. മഹേഷ്‌കുമാർ, സുബിൻ തങ്കച്ചൻ, എസ്ഐമാരായ എൻ.എസ്. റോയ്, ബൈജു പി.ബാബു, ജോബി ജോസഫ് എന്നിവരും നേതൃത്വം നൽകി.