അടിമാലി: അടിമാലി മേഖലയിൽ നിലനിൽക്കുന്ന മുദ്രപത്ര ക്ഷാമം മറികടക്കാൻ അടിയന്തര നടപടി വേണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശത്ത് മുദ്രപത്രം ലഭ്യമാകാത്ത സാഹചര്യത്തിൽ വ്യാപാരികളടക്കം നിരവധി ആളുകൾ കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ്. നിലവിൽ അടിമാലിയിൽ മുദ്രപത്ര വിൽപ്പന നടത്തുന്ന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ല, ഇതു മൂലം ജനങ്ങൾ വിദൂര സ്ഥലങ്ങളിലെത്തി വാങ്ങേണ്ട അവസ്ഥയിലാണെന്ന് സമിതി ജില്ലാ പ്രസിഡന്റ് റോജി പോൾ അറിയിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉൾപ്പെടെ പഞ്ചായത്തുകളിലും വില്ലേജുകളിലും ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ നേടുന്നതിന് മുദ്രപത്രം അനിവാര്യമാണ്. കൂടാതെ, ഭവന നിർമ്മാണ പദ്ധതികൾ, സർക്കാർ കരാറുകൾ, സ്ഥല ആധാര രജിസ്ട്രേഷൻ, വാടക കരാറുകൾ എന്നിവക്കും മുദ്രപത്രം ആവശ്യമാണ്.
മുദ്രപത്ര ക്ഷാമം വ്യാപാരികൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലൈസൻസ് പുതുക്കലും കരാറുകളുടെയും നിയമപരമായ മറ്റു ഇടപാടുകളുടെയും കാര്യത്തിൽ തടസ്സം നേരിടുന്നു. നിലവിൽ, സമീപ പ്രദേശങ്ങളിലെത്തി മുദ്രപത്രം വാങ്ങേണ്ടി വരുന്നതിനാൽ അധിക യാത്ര ചിലവുകളും ജനങ്ങൾക്ക് ഭാരം കൂടുന്നു.
ഈ സാഹചര്യത്തിൽ അടിമാലി മേഖലയിൽ മുദ്രപത്ര ലഭ്യത ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.