കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണു പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഡോക്ടർമാർ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. ഡിസംബർ 29നാണ് എംഎൽഎക്ക് ഗുരുതര പരിക്കേറ്റത്. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമായിരുന്നു പ്രധാനമായും നേരിടേണ്ടി വന്ന ആരോഗ്യപ്രശ്നങ്ങൾ.
ഡിസ്ചാർജിന് ശേഷം ഉമ തോമസ് എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്ക് മാറും. സ്വന്തം വീട്ടിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷം പിന്നീട് അവിടേക്ക് താമസം മാറും. നാളെ വൈകുന്നേരം കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടർമാർ എംഎൽഎയോടൊപ്പം മാധ്യമങ്ങളെ കാണും.
ആശുപത്രിയിൽ കഴിയുന്ന സമയത്ത് ഓൺലൈനായി വിവിധ പൊതുപരിപാടികളിൽ പങ്കെടുത്തിരുന്ന ഉമ തോമസ്, കാക്കനാട് എം എ അബൂബക്കർ മെമ്മോറിയൽ സ്കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിൽ എംഎൽഎയെ സന്ദർശിച്ചിരുന്നു.